Thursday, June 25, 2009

വീണ്ടും കേഴുക മമ നാടേ

.
പനി പനി പനിയേ, പനി പനി പനിയേ,
നാട്ടിലു മുഴുവന്‍, പനി പനി പനിയേ.

വര്‍ഷം തോറും, മണ്‍സൂണ്‍ കാലം,
വന്നണയുമ്പോള്‍, സ്ഥിതിയിതു തന്നെ!

ജന്നി പിടിച്ചൊരു, കോഴി കണക്കെ,
കേരളമാകെ പനിച്ചു വിറച്ചു.

പത്രക്കാര്‍ക്കും, ചാനലുകാര്‍ക്കും,
വാര്‍ത്തച്ചാകര, തന്‍ പൊടിപൂരം.




മലയാളത്തിലെ വലിയൊരു പത്റം
ഡസനിലുമേറെ മുഖപ്റസംഗവും

അവയിലൊരെണ്ണം ഒന്നാം പേജിലും
ഒപ്പോടൊപ്പവും ഴുതിയിരുന്നു.



മന്ത്രീം മന്ത്രീം, പരിവാരങ്ങളും,
ഇരവും പകലും, നോക്കാതല്ലോ,

ഇടവും വലവും, ഓടി നടന്നിഹ,
കേരള ജനതയെ, ആഹ്വാനിപ്പൂ:

പുല്ലു മുറിക്കിന്‍, കാടു തെളിപ്പിന്‍,
ചവറും ചപ്പും, ദൂരെക്കളയിന്‍,

കുപ്പി ചിരട്ടകള്‍, ചട്ടി കലങ്ങള്‍,
ഒന്നും തന്നേ, വെളിയിലിടല്ലേ.

അധവാ വെളിയില്‍, ഇടുകാണെങ്കില്‍,
തലകീഴായേ, ഇട്ടീടാവൂ.

കാരണമെന്താ, യാലും വെള്ളം,
വീടിനു ചാരേ, നിര്‍ത്തീടരുതേ.

എന്നിട്ടെന്താ, ഈ മെയ് മാസം,
ഇരുപത്തെട്ടിലെ, പത്രം ചൊല്ലീ,

പനി ബാധിതരുടെ, എണ്ണം ഇന്നലെ,
അറുപതിനായിര, വും താണ്ടീത്രേ.

ഡെങ്കി എലിപ്പനി, ചിക്കുന്‍ ഗുനിയ,
പേരില്ലാത്ത പകര്‍ച്ചപ്പനികള്‍,

എല്ലാം ചേര്‍ന്നൊരു, പരുവമതാക്കീ,
കേരള മോഡല്‍, ആരോഗ്യത്തെ.

വര്‍ഷം തോറും, സര്‍ക്കാരോതും,
നടപടി ഞങ്ങളെ, ടുത്തിട്ടുണ്ട്,

കോടികള്‍ ഞങ്ങള്‍, കൊടുത്തിട്ടുണ്ട്,
നടപടി യുദ്ധ സമാന തലത്തില്‍.

എന്നുര ചെയ് വതു, വീണ്‍ വാക്കല്ല,
എന്നു തെളീച്ചു, അന്നൊരു മന്ത്രി.

ഇരുപത്തൊന്നാം, നൂറ്റാണ്ടിന്ടെ,
ഏഴാമാണ്ടില്, ഭരിച്ചൊരു മന്ത്രി,

പട്ടാളത്തെ, നാട്ടിലിറക്കീ,
കൊതുകിനെയെന്താ, വെടിവെക്കാനോ?

ഇത്തിരിയുള്ളീ, കൊതുകിനെ മാത്രം,
ഒന്നും ചെയ്യാന്‍, പറ്റുന്നില്ല,

എന്നതു മാത്രം, മിണ്ടുന്നില്ല,
വമ്പുര ചെയ്യും, ഉദ്യോഗസ്ഥര്‍.

എണ്ണിത്തീര്‍ക്കാന്‍, കഴിയാത്തത്ര,
ഉദ്യോഗസ്ഥര്‍, ഉണ്ട് നമുക്ക്,

കൊതുകു പരത്തും, മന്ത് മലമ്പനി,
എന്നിവ മാത്രം, നോക്കാന്‍ പോലും.

ഇവരെല്ലാരും, ദിവസം തോറും,
പത്തോ നൂറോ, കൊതുകിനെ വീതം,

തല്ലിക്കൊന്നാല്‍, പോലും നമ്മുടെ,
പ്രശ്നം തീരും, വൈകീടാതെ!!!

--------------------------------

Tuesday, June 23, 2009

അവര്‍ക്കു ആ "പലതുള്ളി" അവാര്‍ഡ് വേണ്ടേ?

"കേഴുക മമ നാടേ" എന്ന പോസ്റ്റില്‍

"മഴവെള്ളക്കൊയ്ത്തേറെ മികച്ചൊരു
രീതിയിലെല്ലാ വര്‍ഷവുമിവിടെ

കൊണ്ടാടുന്ന വകുപ്പിന്നല്ലേ
സ്വര്‍ണ്ണ പതക്കം നല്‍കീടേണ്ടൂ"

എന്നെഴുതിയിരുന്നു. അതിനോടൊപ്പം ചേര്‍ത്ത ചിത്രങ്ങള്‍ തിരുവനന്തപുരത്തെ കഴക്കൂട്ടം-കുളത്തൂര്‍ റോഡിലെ രംഗങ്ങളായിരുന്നു. ഇന്ന് (23/06/2009) അതേ റോഡില്‍ ഉച്ച നേരത്തു കണ്ടതു ഇരു വശത്തും നീരൊഴുക്കിനെ തടസ്സപ്പെടുത്തിയിരുന്ന മണ്ണും ചപ്പുചവറുകളും ജെ. സി. ബി. കോരി മാറ്റുന്നതാണു. ഇതുകൊണ്ട് ഗുണം ഉണ്ടാകും എന്നുറപ്പാണു. എത്ര മാത്രം ഗുണം ഉണ്ടാകും എന്നു രണ്ടൂ മൂന്നൂ മഴ കഴിയുമ്പോഴേ അറിയാന്‍ കഴിയൂ.










Saturday, June 13, 2009

ഈച്ചക്കെണി

English version THERE

ഉപക്രമം

കൊതുകു നശീകരണത്തിനു വികസിപ്പിച്ചെടുത്ത "ജെം സാങ്കേതിക വിദ്യ"യെക്കുറിച്ചു പത്രങ്ങളില്‍ വാര്‍ത്തകളും ചാനലുകളില്‍ പരിപാടികളും വന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരില്‍ പലരും "ഈച്ചയെ നശിപ്പിക്കുവാന്‍ കൂടി എന്തെങ്കിലും ഒരു വഴി സാര്‍ കണ്ടുപിടിക്കണം" എന്നു ആവശ്യപ്പെടാറുണ്ട്.

അന്നൊക്കെ അവരോട് പറഞ്ഞിരുന്നത് ഇതു തന്നെ ഈച്ചനിയന്ത്രണത്തിനും ഉപയോഗിക്കാം എന്നായിരുന്നു. ഈച്ചക്കു മുട്ടയിടുവാന്‍ അഴുകിയ/അഴുകാറായ മാങ്ങ, ചക്ക, മത്സ്യം, മാംസം, ഭക്ഷണം എന്നിവയുടെ അവശിഷ്ടം ഒരു പരന്ന പാത്രത്തില്‍ വച്ചു കൊടുക്കുകയും, ഈച്ചകള്‍ അവയിലിടുന്ന മുട്ടകള്‍ വിരിയുമ്പോള്‍ അവയെ നശിപ്പിക്കുകയും വഴി ഈച്ചശല്യം ഒഴിവാക്കുവാന്‍ സാധിക്കും എന്നു വിശദീകരിക്കുകയുംചെയ്തിരുന്നു. സ്വാഭാവികമായും വര്‍ത്തമാന സമയത്തു ശല്യപ്പെടുത്തുന്ന ഈച്ചയെ നശിപ്പിക്കാതെ അവയുടെ ഭാവി തലമുറകളെ നശിപ്പിക്കുന്ന ഈ മാര്‍ഗ്ഗം അവര്‍ക്കൊന്നും പഥ്യമായില്ലെന്നു അവരുടെ വാക്കും നോക്കും വെളിപ്പെടുത്തി (കാണുന്നതും അനുഭവിക്കുന്നതും മാത്രം വിശ്വസിക്കുന്നവരാണു അധികവും).

കഴിഞ്ഞ രണ്ടു വര്‍ഷം നാട്ടില്‍ (കൊറ്റനെല്ലൂര്‍) പോയപ്പോഴും അവിടെ ഭയങ്കര ഈച്ച ശല്യം അനുഭവപ്പെട്ടു. പലരും അതിനെക്കുറിച്ചു സംസാരിച്ചു. രുചിയും വിലയും കുറഞ്ഞ മാങ്ങ/ചക്ക ഇനങ്ങള്‍ പഴുത്തു വീഴുന്നതില്‍ ഈച്ചകള്‍ മുട്ടയിട്ടു പെരുകുന്നതാണെന്നു പറഞ്ഞത്, ആര്‍ക്കും ബോധ്യമായതായി തോന്നിയില്ല. ഇത്തവണ (6-10 ജൂണ്‍ 2009) ശല്യം വളരെ കൂടുതലായിരുന്നു. അതിനാല്‍ കൊതുകിന്‍ടെ കൂത്താടികളെ ഉദ്ദേശിച്ചു പണ്ട് രൂപപ്പെടുത്തിയ ഒരു കെണി വ്യത്യസ്ഥ രീതിയില്‍ ഈച്ചക്കെതിരെ പ്രയോഗിച്ചു. ഇതു വളരെ ഫലപ്രദമായി പ്രവര്‍ത്തിച്ചു എന്നു മാത്രമല്ല കണ്‍മുന്‍പില്‍ ഈച്ചകള്‍ കെണിയില്‍ പെട്ടതുകൊണ്‍ട് എല്ലാവര്‍ക്കും അതു ബോധിക്കുകയും ചെയ്തു.

കെണി നിര്‍മ്മാണം, പ്രവര്‍ത്തനം

ധാതുജലത്തിന്‍ടെ (mineral water) കാലിക്കുപ്പി, മുകള്‍ഭാഗം ഒരു കുനില്‍ (ചോര്‍പ്പ്, ഉത്തരേന്ത്യക്കാര്‍ ത്രിവേന്ത്രപുരം എന്നു പറയുന്ന പപ്പനാഭന്‍ടെ നാട്ടിലെ വെച്ചുകുത്തി, FUNNEL) പോലെ ഉപയോഗിക്കാവുന്ന വിധത്തില്‍, മധ്യഭാഗത്തിനല്‍പ്പം മുകളിലായി രണ്‍ടായി മുറിക്കുക.


താഴത്തെ പകുതിയില്‍ ഈച്ചക്കു ഇഷ്ടമുള്ള സാധനങ്ങള്‍ (പഴുത്ത/ചീഞ്ഞ മാങ്ങ/ചക്ക, വാഴപ്പഴം/തൊലി, മത്സ്യ മാംസ അവശിഷ്ടം, പഞ്ചസാര, ശര്‍ക്കര, മിഠായി, ഭക്ഷണാവശിഷ്ടം) എന്തെങ്കിലും നിരത്തിയിട്ട് ഈച്ചയുള്ളിടത്തു വക്കുക.




രണ്‍ട് മൂന്ന് ഈച്ചകള്‍ ഇവയില്‍ എത്തിക്കഴിയുമ്പോള്‍ കുപ്പിയുടെ മുകള്‍ ഭാഗം തലകീഴായി താഴത്തെ കഷണത്തില്‍ വക്കുക.



ഏറെ വൈകാതെ പരിസരത്തെ ഈച്ചകളെല്ലാം കെണിക്കകത്താവുന്നത് കാണാം.

അവ ധാരാളം മുട്ട ഇട്ടതും കാണാം.




ഈച്ചകളെല്ലാം (അല്ലെങ്കില്‍ ഭൂരിഭാഗവും) കെണിയിലായാല്‍ അതിനകത്തേക്ക് വെള്ളം ഒഴിച്ചു നിറക്കുക.




അല്‍പ സമയത്തിനകം ഈച്ചകളെല്ലാം നനഞ്ഞ് പറക്കാന്‍ പറ്റാത്ത അവസ്ഥയിലാവുകയോ ചാകുകയോ ചെയ്യും.




അവയെ ഒരു ചെറു കുഴി കുഴിച്ച് അതിലിട്ടു മൂടുകയോ ചുട്ടു കളയുകയോ ചെയ്യാം.

കെണിയിലെ വെള്ളം ചരിച്ചു കളഞ്ഞ് ബാക്കി വരുന്ന സാധനങ്ങളില്‍ വേണ്‍ടത്ര സാധനങ്ങള്‍ കൂടി ഇട്ട് വീണ്‍ടും കെണി ഒരുക്കാം. പഞ്ചസാരയും, ശര്‍ക്കരയും, മിഠായിയും, അഴുകിയ സാധനങ്ങളും വെള്ളത്തില്‍ അലിഞ്ഞുപോകും എന്നതുകൊണ്‍ട് അവ വീണ്‍ടും ചേര്‍ക്കേണ്‍ടി വരും.

ഉപസംഹാരം

"നെയ്യപ്പം തിന്നാല്‍ രണ്‍ടുണ്‍ടു കാര്യം,
വയറും നിറക്കാം, മീശേം മിനുക്കാം"

എന്നാണല്ലൊ ചൊല്ല്. വലിച്ചെറിയുന്ന കുപ്പി മുറിച്ച് ഈച്ചക്കെണി ഒരുക്കിയാല്‍ ഈച്ചശല്യവും കുറയും കുപ്പിശല്യവും (ഓട അടയല്‍, പരിസ്ഥിതി ദൂഷണം) കുറയും.

കൊള്ളാമോ സൂത്രം?!