കേയെസാര്‍ട്ടീസിയുടെ ഒരു തമാശ 2009 ഏപ്രില്‍ 11 ശനി
സന്തോഷവും ചിരിയും ആരോഗ്യത്തെയും ആയുസ്സിനെയും വര്‍ദ്ധിപ്പിക്കുമെന്നു ഹാസ്യകൈരളി, ചിരിക്ലബ്ബ് മുതലായവര്‍ പറയുന്നു. തമാശ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. പക്ഷേ കേയെസാര്‍ട്ടീസിയുടെ തമാശ ചിരിപ്പിക്കുമെന്നു തോന്നുന്നില്ല.
ഇന്നു ഉച്ചകഴിഞ്ഞു 2 മണിക്കു കഴക്കൂട്ടത്തേക്കു പോകുവാന്‍ ബസ് സ്റ്റോപ്പിലെത്തി. 2 മിനിറ്റിനകം സിറ്റിയിലേക്ക് (എനിക്ക് പോകേണ്ടതിന്ടെ എതിര്‍ ഭാഗത്തേക്കു) 2 ബസ് ഒരുമിച്ചു വന്നു. 2:10 ആകും മുമ്പേ 3 ബസ് കൂടി അതേ ദിശയിലേക്കു പോയി. (10 മിനിറ്റില്‍ 5 ബസ്). അടുത്ത വാഹന വ്യൂഹം (convoy) എപ്പോഴാണാവോ വരിക എന്നു ചിന്തിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ തിരിച്ചു പോകുന്ന (Return) ഓട്ടൊ കിട്ടിയതിനാല്‍ അടുത്ത ബസ് എപ്പോഴാണു വന്നതെന്നറിയില്ല.
ആവശ്യം കഴിഞ്ഞു തിരികെ വരാന്‍ 10 മിനിറ്റോളം കാത്തു നിന്നിട്ടും ബസ് വരാത്തതിനാല്‍ 2:50 നു നടന്നു തുടങ്ങി. വീടിനടുത്ത സ്റ്റോപ്പു എത്തുന്നതിനു മുന്‍പേ (3:00 നു) തൊട്ടു തൊട്ട് 6 ബസ് കഴക്കൂട്ടം ഭാഗത്തേക്കു പോയി. അവ എപ്പോഴാണൂ തിരികെ പോകുന്നതെന്നറിയാന്‍ 10 മിനിറ്റോളം കാത്തു നിന്നു. 3 എണ്ണം തിരികെ വന്നു. ബാക്കി മൂന്നും കഴക്കൂട്ടത്തിനപ്പുറത്തുള്ള സ്ഥലങ്ങളിലേക്കു പോയതാകാം.
നാലും അന്ചും ബസ്സുകള്‍ ഒരുമിച്ചു പോകുന്നതു "തമാശ" അല്ലെങ്കില്‍ പിന്നെ "പരിഹാസം" ആണോ? അതോ "ശിക്ഷ" ആണോ? കുറേ ബസ്സുകള്‍ ദേശാടനപ്പക്ഷികളെപ്പോലെ ഒരു കൂട്ടമായി കടന്നു പോയിക്കഴിഞ്ഞാല്‍ പിന്നെ ചുരുങ്ങിയതു അര മണിക്കൂര്‍ നേരത്തേക്കെങ്കിലും ആ ഭാഗത്തേക്കു ബസ്സുണ്ടാകില്ല. ചിലപ്പോഴൊക്കെ അതിലും കൂടുതല്‍ ഇടവേളയും ഉണ്ടാകും. (ദേശാടനപ്പക്ഷികളും വര്‍ഷത്തിലൊരിക്കലല്ലേ വരൂ!)
ഇതൊക്കെ കാണുമ്പോള്‍ ആര്‍ക്കു വേണ്ടിയാണു KSRTC ബസ്സു ഓടിക്കുന്നത് എന്നു ചോദിക്കുവാന്‍ തോന്നിപ്പോകില്ലേ? (കേയെസാര്‍ട്ടീസിയിലെ ജീവനക്കാര്‍ക്കു വേണ്ടിയാണെന്നു പരോക്ഷമായി സൂചിപ്പിക്കുന്ന ഒരു പത്രക്കുറിപ്പു കുറേ വര്‍ഷം മുമ്പ് അധികാരികള്‍ ഇറക്കിയതു ഓര്‍ക്കുന്നു!!). കൂട്ടയോട്ടം നടത്തുന്ന ഈ ബസ്സുകളുടെ സമയം ഒന്നു പുന:ക്രമീകരിച്ചുകൂടെ? പല റൂട്ടിലെ ബസ്സുകള്‍ പല ഡെപ്പോകളാണൂ നിയന്ത്രിക്കുന്നതെന്ന ന്യായം വെറും മുട്ടാപ്പോക്കാണെന്നേ ആര്‍ക്കും തോന്നൂ.
കിഴക്കേ കോട്ട നിന്നു കഴക്കൂട്ടത്തേക്കു പ്രധാനമായും 8 റൂട്ടിലാണു സിറ്റിബസ് ഓടിക്കുന്നതു:
1) ഈഞ്ചക്കല്‍-ബൈപാസ്സ്-ടെക്നോപാര്‍ക്കു-കഴക്കൂട്ടം
2) പേട്ട-ആനയറ-വെണ്പാലവട്ടം-ബൈപസ്സ്-ആറ്റിന്‍കുഴി-കഴക്കൂട്ടം
3) പാളയം-കണ്ണമ്മൂല-ഉള്ളൂര്‍-ആറ്റിന്‍കുഴി-കഴക്കൂട്ടം
4) പാളയം-പട്ടം-മെഡിക്കല്‍ കോളജ്-ഉള്ളൂര്‍-ആറ്റിന്‍കുഴി-കഴക്കൂട്ടം
5) പാളയം-കേശവദാസപുരം-ഉള്ളൂര്‍-ആറ്റിന്‍കുഴി-കഴക്കൂട്ടം
6) പാളയം-കണ്ണമ്മൂല-ഉള്ളൂര്‍-കാര്യവട്ടം-കഴക്കൂട്ടം
7) പാളയം-പട്ടം-മെഡിക്കല്‍ കോളജ്-ഉള്ളൂര്‍-കാര്യവട്ടം-കഴക്കൂട്ടം
8) പാളയം-കേശവദാസപുരം-ഉള്ളൂര്‍-കാര്യവട്ടം-കഴക്കൂട്ടം
ഇവയില്‍ ഉള്ളൂര്‍-ആറ്റിന്‍കുഴി-കഴക്കൂട്ടം ഭാഗത്തെ അനുഭവമാണു മുകളില്‍ വിവരിച്ചത്. മറ്റു റൂട്ടുകളിലും ഇതുപോലത്തെ തമാശകള്‍ കാണിക്കുന്നുണ്ടോ എന്നറിയില്ല!
ഇങ്ങിനെയൊക്കെ എഴുതിയതുകൊണ്ട് നിലവിലുള്ള റൂട്ടോ ട്രിപ്പോ കൂട്ടിയില്ലെങ്കിലും കുറച്ച്, പാഠം പഠിപ്പിക്കല്ലേ കേയെസാര്‍ട്ടീസീ, പ്ളീ.....സ്.
Thursday, May 7, 2009
Subscribe to:
Posts (Atom)