Sunday, March 22, 2009

ഇതാണോ ഇത്ര വലിയ ആനക്കാര്യം?

ഇന്നു രാവിലെ ഏഴുമണിക്കുള്ള സുപ്രഭാതം (ഏഷ്യനെറ്റ്) പരിപാടിയില്‍ അതിഥി ഡോ. വി. വിജയകുമര്‍ (സര്‍വ്വ ശിക്ഷാ അഭിയാന്‍ടെ പ്രോജക്റ്റ് ഡയറക്റ്റര്‍, കേരള സര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസ വിഭാഗത്തിന്‍ടെ മുന്‍ ഡയറക്ടര്‍) ആയിരുന്നു. സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഭാരം കൂടിയപ്പോള്‍ ഓരോ പുസ്തകവും വിഭജിച്ചു ഭാരം കുറച്ചുകൊടുത്ത കാര്യം പറയുകയുണ്‍ടായി. പ്രാധാന്യം എടുത്തു കാട്ടുവാന്‍ “ഇന്ത്യയില്‍ തന്നെ ആദ്യമായി കേരളമാണു ഭാരം കുറക്കുവാന്‍ വേണ്ടി പാഠപുസ്തകം വിഭജിച്ചു കൊടുത്തതു” എന്നു ഊന്നിപ്പറഞ്ഞു.
ഇതാണോ ഇത്ര വലിയ ആനക്കാര്യം എന്നു തോന്നി, കാരണം ഒന്നര ദശാബ്ദം മുമ്പേ ഈ എളിയവന്‍ ഇതു ചെയ്തിട്ടുണ്ടു. മൂത്ത മകള്‍ 1995 ല്‍ +2 പാസ്സായി. അവളും അനുജത്തിയും വി. എസ്. എസ്. സി. സെന്‍ട്രല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ രണ്ടാള്‍ക്കും ഇപ്രകാരം ചെയ്തുകൊടുത്തിട്ടുണ്‍ട്. അന്നു അദ്ധ്യാപകരില്‍നിന്നു വളരെ എതിര്‍പ്പുകള്‍ നേരിടേണ്‍ടി വന്നതു ഓര്‍ക്കുമ്പോള്‍ രസം തോന്നുന്നു. “ഒരേ ദിവസം പുസ്തകത്തിന്‍ടെ രണ്ട് ഭാഗത്തുനിന്നും ഉള്ള കാര്യങ്ങള്‍ പഠിപ്പിക്കേണ്ടി വന്നാല്‍ എന്തു ചെയ്യും” എന്നതാണു അന്നു ഉന്നയിച്ച പ്രധാന ചോദ്യം!! അത്തരം ദിവസങ്ങളില്‍ രണ്ടു ഭാഗങ്ങളും കൊണ്ടുവന്നോളാം എന്നു പറഞ്ഞു. അപ്പോള്‍ അതാ വരുന്നു അടുത്ത കൊനഷ്ട് ചോദ്യം - "അപ്പോള്‍ ഭാരക്കൂടുതല്‍ ഉണ്‍ടാവില്ലേ?"! വര്‍ഷം മുഴുവനും കൂടുതല്‍ ഭാരം ചുമക്കുന്നതിനേക്കാള്‍ ഭേദമല്ലേ ഒന്നോ രണ്ടോ ദിവസം മാത്രം ചുമക്കുന്നത് എന്നു പറഞ്ഞ് പ്രശ്നം പരിഹരിച്ചു. ഒന്നര ദശാബ്ദത്തിനു ശേഷം ഹ ഹ ഹ ഹ ഹ.

ഭരണപക്ഷത്തെ മണിയടിച്ചു നിന്നാല്‍ കുറഞ്ഞപക്ഷം ഒരു പദ്മ പുരസ്കാരമെങ്കിലും പ്രതീക്ഷിക്കാം - വിദ്യാഭ്യാസ രംഗത്തെ അമൂല്യ സംഭാവനയെ മാനിച്ച്!!!! നല്ല കാര്യം.

ഇപ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മവരുന്നു. കഴിഞ്ഞ ശനിയാഴ്ച് (21.03.2009) കൈരളി ടിവി യിലെ മൈന്‍ഡ് വാച്ച് എന്ന പരിപാടിയില്‍ ഡോ. ക്റ്ഷ്ണപ്രസാദ് ശ്രീധര്‍, ഡോ. ജോര്‍ജ്ജ് മാത്യു എന്നിവര്‍ (മനശ്ശാസ്ത്ര വിഭാഗം മുന്‍ പ്രൊഫസര്‍മാര്‍, കേരള സര്‍വകലാശാല, കാര്യവട്ടം, തിരുവനന്തപുരം) ആയിരുന്നു അതിഥികള്‍. പ്രൌഢഗംഭീരമായ ആ എപ്പിസോഡില്‍ മന:ശാസ്ത്രം, സമൂഹം, സംസ്കാരം, വികസനം എന്നിവയോടു ബന്ധപ്പെട്ട ഒരു ചോദ്യത്തിനു ഡോ. ക്റ്ഷ്ണപ്രസാദ് ശ്രീധര്‍ പറഞ്ഞു “ ചില വ്യക്തികള്‍ പറയുന്ന ചില കാര്യങ്ങള്‍ അന്നത്തെ സമൂഹത്തിനു വിലയിരുത്താനും ഗ്രഹിക്കാനും കഴിയാതെ വരുമ്പോള്‍ അവരെ സമൂഹം ഭ്രാന്തന്‍ എന്നു മുദ്ര കുത്തുന്നു. കാലങ്ങള്‍ക്കു ശേഷം സമൂഹം അറിവു നേടി വികസിക്കുമ്പോള്‍ ആ കാര്യത്തെയും അതു പറഞ്ഞ അവരെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു”. (അപ്പോഴേക്കും അവര്‍ ചുമരിലെ പടമായിട്ടുണ്ടാവും. ഒരു പക്ഷേ അതാവും സമൂഹത്തിനു ആവശ്യം - ഒരുത്തനും അങ്ങനെ മിടുക്കനാവണ്ട; സന്തോഷിക്കണ്ട! ഇവനെയൊക്കെ ശരിക്ക് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇനിയും ഇത്തരം മണ്‍ടത്തരങ്ങള്‍ ഒക്കെ വിളിച്ചുപറഞ്ഞുകൊണ്‍ടിരിക്കും. അതിന്‍ടെ ഒക്കെ പുറകെ നടക്കാന്‍ ആര്‍ക്കാ ഇവിടെ നേരം! സമയംകൊല്ലികള്! അല്ലാതെന്താ!! എന്നാവും അംഗീക്രുതന്‍മാരുടെ ചിന്ത.)

Tuesday, March 3, 2009

ഇന്ത്യയിലെ തിരഞ്ഞെടുപ്പു രീതി മാറ്റണം

ഇന്ത്യയില്‍ ഇതുവരെ (2009) നിലനിന്ന, ഇപ്പോഴും നിലനില്‍ക്കുന്ന, തിരഞ്ഞെടുപ്പു രീതി പൊളിച്ചെഴുതേണ്ടിയിരിക്കുന്നു.

കാരണം:

1. ഇതു നമുക്കു തരുന്നത് ജനാധിപത്യമല്ല, മറിച്ച് ഭൂരിപക്ഷാധിപത്യമോ അല്ലെങ്കില്‍ ന്യൂനപക്ഷാധിപത്യമോ ആണ്.

2. ഈ തിരഞ്ഞെടുപ്പ് രീതിയില്‍ ജനത്തിനു വിശ്വാസമില്ല.

3. നമുക്ക് വേണ്ടത് ജനാധിപത്യമാണ്; ജനങ്ങള്‍ക്കു താല്പര്യമുള്ള തിരഞ്ഞെടുപ്പു രീതി ആണ്.

4. പരിമിതമായ ഒരു ആനുപാതിക പ്രാതിനിധ്യ തിരഞ്ഞെടുപ്പു രീതി ആകും നിലവിലുള്ളതിനേക്കാള്‍ അനുയോജ്യം അഥവാ നല്ലത് എന്നു തോന്നുന്നു.


ഈ നാലു കാര്യങ്ങളുടെയും വിശദീകരണം :

അ. ഇതു നമുക്കു തരുന്നത് ജനാധിപത്യമല്ല, മറിച്ച് ഭൂരിപക്ഷാധിപത്യമോ അല്ലെങ്കില്‍ ന്യൂനപക്ഷാധിപത്യമോ ആണ്.

ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടുന്ന ഒരാള്‍ മാത്രമാണു പ്രതിനിധിസഭയില്‍ എത്തുന്നത്. മത്സരത്തിനു രണ്ട് പേര്‍ മാത്രം ഉള്ളപ്പോള്‍ ആണു ജയിക്കുന്ന ആള്‍ക്കു പരമാവധി വോട്ടു കിട്ടുക. അതു 50 ശതമാനത്തിലും അധികം കൂടുതല്‍ കാണാറില്ല; എന്നാലും വാദത്തിനു വേണ്ടി ഒരു 60 ശതമാനം കിട്ടി എന്നു കരുതുക. എന്നാല്‍ പോലും തോറ്റ സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്ത 40 ശതമാനം പേര്‍ക്കു പ്രതിനിധിസഭയില്‍ പ്രാതിനിധ്യം ഇല്ലാതെ പോകുന്നു (ഗവണ്മെന്ടുകള്‍ പോലും പാര്‍ട്ടി അനുഭാവികള്‍ക്കു ഗുണം കിട്ടുന്ന പരിപാടികളല്ലെ നടപ്പാക്കാറുള്ളൂ !).
ഇതു വരെ നടന്ന ഒറ്റ തിരഞ്ഞെടുപ്പിലും -പാര്‍ലമെന്‍ട് തിരഞ്ഞെടുപ്പു മുതല്‍ സഹകരണ സംഘം തിരഞ്ഞെടുപ്പു വരെ- 100 ശതമാനം പോളിംഗ് നടന്ന ചരിത്രമില്ല!! അങ്ങിനെയും ജയിക്കുന്ന ആള്‍ പ്രതിനിധീകരിക്കുന്നവരുടെ എണ്ണം ചുരുങ്ങുന്നു.
മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം കൂടുംതോറും ജയിക്കുന്ന ആള്‍ക്കു കിട്ടുന്ന വോട്ടു കുറഞ്ഞു വരും. ഏത്ര വരെ കുറയാം എന്നു ചോദിച്ചാല്‍ വെറും 2 വോട്ടു വരെ ആകാം എന്നു പറയാം.

അങ്ങിനെ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് തോല്ക്കുന്നവരേക്കാള്‍ കൂടുതല്‍ വോട്ടു കിട്ടിയിട്ടുള്ളതു കൊണ്ടു ഭൂരിപക്ഷാധിപത്യം എന്നു പറയാമെങ്കിലും മിക്ക തിരഞ്ഞെടുപ്പുകളിലും വോട്ടിംഗ് ശതമാനം കുറയുകയും സ്ഥാനാറ്ഥികളുടെ എണ്ണം കൂടുകയും ചെയ്യുന്നതുകൊണ്ടു മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണവുമായി തുലനം ചെയ്യുമ്പോള്‍ ന്യൂനപക്ഷാധിപത്യം ആണെന്നു പറയുന്നതാവും ശരി എന്നു കാണാം.

ആ. ഈ തിരഞ്ഞെടുപ്പ് രീതിയില്‍ ജനത്തിനു വിശ്വാസമില്ല.

നിലവിലുള്ള ഈ തിരഞ്ഞെടുപ്പ് രീതിയില്‍ ജനത്തിനു വിശ്വാസമില്ലാത്തതുകൊണ്ടാണല്ലോ എല്ലായ്‌പ്പോഴും പോളിംഗ് ശതമാനം കുറയുന്നത്. ആല്ലെങ്കില്‍ മാധ്യമങ്ങളിലൂടെയും, വാള്‍പോസ്റ്റര്‍-ഫ്ളെക്സ് ബോര്‍ഡ് എന്നിവയിലൂടെയും, ഉച്ചഭാഷിണിയിലൂടെയും, സ്ക്വാട് പ്രവര്‍ത്തനത്തിലൂടെയും മറ്റും മറ്റും കാടിളക്കി പ്രചരണം നടത്തിയിട്ടും പോളിംഗ് ശതമാനം വളരെ കുറഞ്ഞുപോകുന്നതു എന്തുകൊണ്ട്? അധികം പേരും നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയല്ലേ വോട്ടു ചെയ്യാനെത്തുന്നത്??

ഇ. നമുക്ക് വേണ്ടത് ജനാധിപത്യമാണ്; ജനങ്ങള്‍ക്കു താല്പര്യമുള്ള തിരഞ്ഞെടുപ്പു രീതി ആണ്.
ജനാധിപത്യമെന്നാല്‍ (കുറഞ്ഞപക്ഷം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന) ജനങ്ങള്‍ക്കെല്ലാം പങ്കാളിത്തമുള്ള ഭരണ സംവിധാനം എന്നല്ലേ അര്‍ത്ഥം? അപ്പോള്‍ ഓരോ വോട്ടിനും പ്രതിനിധിസഭയില്‍ പ്രാതിനിധ്യം വേണ്ടേ? അതു ഇപ്പോഴത്തെ തിരഞ്ഞെടുപ്പു രീതിയില്‍ നിന്നു കിട്ടുന്നില്ലല്ലോ! വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്കു വോട്ട് ചെയ്യുന്നവര്‍ക്കു മാത്രമല്ലേ പ്രാതിനിധ്യം കിട്ടുന്നുള്ളൂ. തോറ്റ സ്ഥാനാര്‍ത്ഥിയേക്കാള്‍ കൂടുതലായി ജയിച്ച സ്ഥാനാര്‍ത്ഥിക്കു കിട്ടിയ വോട്ടുകളില്‍ ഒരെണ്ണത്തിനു മാത്രമല്ലേ വാസ്തവത്തില്‍ വീലയുള്ളൂ. ബാക്കിയെല്ലാം പാഴ്. അതു പോര.

ഏ. പരിമിതമായ ഒരു ആനുപാതിക പ്രാതിനിധ്യ തിരഞെടുപ്പു രീതി

ഇതുകൊണ്ടു ഉദ്ദേശിക്കുന്നതു രാഷ്ട്രപതി തിരഞ്ഞെടുപ്പിലേപ്പോലെ അല്ലാതെ, ലളിതവും എല്ലാ വോട്ടിനും മൂല്യവും പ്രാതിനിധ്യവും ലഭിക്കുന്നതുമായ ഒരു രീതിയാണു. ഇതില്‍ മുന്‍ഗണനാ വോട്ടുകള്‍ ഇല്ല; ഒരാള്‍ക്കു ഒരു വോട്ടേ ഉള്ളൂ. (മുന്‍ഗണനാ വോട്ടു വന്നാല്‍ എം. എല്‍. എ. മാര്‍ക്കു പോലും ആശയക്കുഴപ്പം ഉണ്‍ടാവും; തെറ്റു പറ്റിയ (അസാധുവായ) ചരിത്രമുണ്ട്).
ഇതില്‍ നേരിട്ടു മത്സരിക്കുന്നതു സ്ഥാനാര്‍ഥികളാണെങ്കിലും വോട്ടു കിട്ടുന്നത് പാര്‍ട്ടിക്കാണു; വ്യക്തിക്കല്ല. ബാലറ്റ് പേപ്പറില്‍ പതിവു പോലെ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്ന്നവും ഉണ്ടാവും. ഒരാള്‍ക്കു ഒരോട്ടു ചെയ്യാം-ഒരെണ്ണം മാത്രം. വോട്ടറെ സംബന്ധിച്ചു എല്ലാം പതിവു പോലെ തന്നെ. വ്യത്യാസം ഫലം നിശ്ചയിക്കുന്നതില്‍ മാത്രം ആണ്.

ഉ. തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കല്‍.

പരിമിതമായ ആനുപാതിക പ്രാതിനിധ്യ രീതിയില്‍ തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നത് സംസ്ഥാന അടിസ്ഥാനത്തിലോ ദേശീയ അടിസ്ഥാനത്തിലോ ആണ്. നിയോജകമണ്ഡല അടിസ്ഥാനത്തിലല്ല. അത് ഇപ്രകാരമാണ്:

• മൊത്തം നിയോജകമണ്ഡലങ്ങളുടെ എണ്ണം = NC
• വോട്ടു രേഖപ്പെടുത്തുവാന്‍ അര്‍ഹരായവരുടെ എണ്ണം = EV
• രേഖപ്പെടുത്തിയ മൊത്തം വോട്ട് = CV
• ഓരോ പാര്‍ട്ടിക്കും ലഭിച്ച വോട്ട് = V(1),V(2),V(3)…. [1,2,3,…എന്നതിനു പകരം ഇലക് ഷന്‍ കമ്മീഷന്‍ അംഗീകരിച്ച ചുരുക്കപ്പേരുകളും ഉപയോഗിക്കാം. V(CPM), V(CPI), V(DMK), V(BJP), V(INC), V(KC)... സ്വതന്ത്രര്‍ എല്ലാം ഒരുമിച്ച് വരും V(INDPEND)]

• ഓരോ പാര്‍ട്ടിക്കും (അധവാ കക്ഷിക്കും) ലഭിക്കുന്ന പ്രതിനിധികളുടെ എണ്ണം = ലഭിച്ച വോട്ട് / രേഖപ്പെടുത്തിയ മൊത്തം വോട്ട് X മൊത്തം മണ്ഡലങ്ങളുടെ (അഥവാ പ്രതിനിഥികളുടെ) എണ്ണം. അതായത്, എം. എല്‍. എ.(#)/എം.പി.(#) = V(n)/CV x NC•

ഉദാ: 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ് നാട്ടില്‍ 2,87,69,342 പേര്‍ വോട്ടു ചെയ്തു. ഇതില്‍ പതിമൂന്നര ലക്ഷത്തോളം (13,41,925) വോട്ട് ബി. ജെ. പി. ക്കു ലഭിച്ചു. തമിഴ് നാട്ടില്‍ 39 മണ്ഡലങ്ങളുണ്ട്. ഇതിന്‍പ്രകാരം അവര്‍ക്കു ലഭിക്കേണ്ട എംപിമാരുടെ എണ്ണം = 1341925 / 28769342 * 39 = 1.819. പതിനാലാം ലോക്സഭയില്‍ അവര്‍ക്കു തമിഴ് നാട്ടില്‍ നിന്ന് എംപിമാര്‍ ഒന്നും തന്നെ ഇല്ലായിരുന്നു.

• 70 ലക്ഷത്തോളം വോട്ട് കിട്ടിയ ഡി. ഏം. കെ. ക്കു 16 എംപിമാരുള്ളപ്പോള്‍ 85 ലക്ഷത്തില്‍പരം വോട്ടു കിട്ടിയ എ. ഐ. എ. ഡി. എം. കെ. ക്കു ഒരൊറ്റ എംപി പോലുമില്ല.

• ഇതിനെ ഈ കക്ഷികളുടെ പ്രശ്നമോ നഷ്ടമോ നേട്ടമോ ആയല്ല കാണേണ്ടത്, നേരേ മറിച്ച് നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ പോരായ്മയായാണു കാണേണ്ടത്.


ഊ. ഈ പുതിയ രീതി അവലംബിച്ചാല്‍ വോട്ടിംഗില്‍ പങ്കെടുക്കുന്ന ഓരോ പൌരനും രേഖപ്പെടുത്തുന്ന വോട്ടിനെ പ്രതിനിധീകരിക്കുന്ന ഒരു എം. എല്‍. എ./എം.പി. പ്രതിനിധിസഭയില്‍ ഉണ്ടാകും. ഈ ബോധ്യം (അഥവാ വസ്തുത) കൂടുതല്‍ പേരെ (പ്രത്യേകിച്ചും അഭ്യസ്ഥവിദ്യരെ) കൂടുതലായി വോട്ടിംഗില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിക്കും. തദ്വാരാ വോട്ടിംഗ് ശതമാനം ഉയരുകയും ചെയ്യും. അതു നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തവും അര്‍ഥവത്തും ആക്കും, തീര്‍ച്ച.

ഋ. പ്രതിനിധികളുടെ എണ്ണം കണ്ടുപിടിക്കുന്ന സൂത്രവാക്യത്തിലെ മൊത്തം സീറ്റുകളുടെ എണ്ണത്തെ, രേഖപ്പെടുത്തിയ വോട്ടിന്ടെയും മൊത്തം വോട്ടര്‍മാരുടെയും എണ്ണങ്ങള്‍ തമ്മിലുള്ള അനുപാതത്തിനനുസരിച്ചു കുറച്ചാല്‍ (ചുരുക്കിയാല്‍) വോട്ടിന്ടെ മൂല്യവും വോട്ടു ചെയ്യാനുള്ള താത്പര്യവും പ്രേരണയും കുറേക്കൂടി വര്‍ദ്ധിക്കും.

വിസ്താരഭയത്താല്‍ വിശദാംശങ്ങള്‍ പിന്നീടേക്ക് മാറ്റുന്നു.

ഇതു തയ്യാറാക്കുന്നതിനിടെ വന്ന 2 വാര്‍ത്തകള്‍:
ജോണ്‍ എബ്റാഹം “യുവതലമുറയെ വോട്ടു ചെയ്യുന്നതിനു പ്രേരിപ്പിക്കുന്ന ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍” പറഞ്ഞതിനെക്കുറിച്ചും




നെഗറ്റീവു വോട്ടു രേഖപ്പെടുത്താന്‍ സൌകര്യം ഏര്‍പ്പെടുത്തണം എന്ന ഹര്‍ജിയെക്കുറിച്ചും ഉള്ള വാര്‍ത്തകള്‍