Monday, December 12, 2016

എന്‍റ്റെ പ്രമേഹം സുഖപ്പെട്ടു (വോ?)


പ്രമേഹം സുഖപ്പെട്ടു - മരുന്നു കഴിക്കാതെ!

English version there>>!

ആമുഖം

അനുസ്യൂതം വര്‍ദ്ധിച്ചുകൊണ്‍ടിരിക്കുന്ന പ്രമേഹരോഗികളുടെ എണ്ണം ഈ രോഗത്തെ നമ്മുടെ ഒരു പ്രമുഖ ആരോഗ്യപ്രശ്നമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണല്ലൊ! ലോകത്തിലെ മൊത്തം പ്രമേഹരോഗികളില്‍ ഒരു വലിയ അംശം ഇന്ത്യക്കാരായിരിയ്ക്കും എന്ന അവസ്ഥ അനതിവിദൂര ഭാവിയില്‍തന്നെ സംജാതമാകും എന്നാണ് സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നത്. ഡയബറ്റോളജി എന്ന ഒരു ശാസ്ത്ര ശാഖ തന്നെ വികസിച്ചുവരുവാന്‍ തക്കവിധം ഈ രോഗം വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. വൈകാതെ കേരളം പ്രമേഹ രോഗികളുടെ ആഗോള തലസ്ഥാനമാകും എന്നാണ് ചില വിദഗ്ധര്‍ പ്രവചിക്കുന്നത്. എന്താണ് ഈ അവസ്ഥക്കു കാരണം എന്നു വിചിന്തനം ചെയ്യുമ്പോള്‍ മനസ്സിലുദിക്കുന്ന ചിന്തകള്‍ ഇവയൊക്കെയാണ്:

(1) അനുയോജ്യമല്ലാത്ത ജീവിത രീതിയും ഭക്ഷണ രീതിയും മൂലം വളരെപ്പേര്‍ പ്രമേഹരോഗികളായിത്തീരുന്നു.

(2) മുന്‍ തലമുറക്കാര്‍ പ്രമേഹരോഗികളായിരുന്നതിനാല്‍ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ കാരണങ്ങളാല്‍ വേറെയും കുറേ പേര്‍ പ്രമേഹത്തിന് അടിപ്പെടുന്നു.

(3) എന്നാല്‍ ഏറ്റവും പ്രധാന കാരണം മറ്റൊന്നാണ്. അത് പ്രമേഹരോഗം ഒരിക്കലും സുഖപ്പെടുന്നില്ല എന്നതു തന്നെ. ഒരിക്കല്‍ പ്രമേഹം പിടിപെട്ടാല്‍ ജീവിതാന്ത്യം വരെ അയാള്‍ പ്രമേഹരോഗിയായി തുടരുന്നു. ആധുനിക വൈദ്യ ശാസ്ത്രത്തില്‍ പ്രമേഹം സുഖപ്പെടുത്താനുള്ള ഔഷധങ്ങളോ പ്രയോഗങ്ങളോ ഇല്ല; രോഗാവസ്ഥയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള ഔഷധങ്ങളും വ്യായാമ മുറകളും ഭക്ഷണ നിയന്ത്രണ ക്രമങ്ങളും മാത്രമേ ഉള്ളൂ.

ഒരു വ്യത്യസ്ഥ അനുഭവം

മേല്‍പറഞ്ഞതില്‍ നിന്നു വ്യത്യസ്ഥമായ ഒരു അനുഭവം ലേഖകന് ഉണ്ടായി. അതാണ് ഈ വാക്കുകള്‍ ഇവിടെ കുറിക്കുവാന്‍ പ്രേരകമായത്. ഈ രോഗം പല വിധത്തിലുള്ളവയുണ്‍ട് (ടൈപ്പ് I, ...); പല പ്രായത്തിലുള്ളവര്‍ക്കു പിടിപെടുന്നവയുണ്‍ട് എന്നു തുടങ്ങിയ വസ്തുതകളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തി നൂറുകണക്കിനോ ആയിരക്കണക്കിനോ പ്രബന്ധങ്ങളും ലേഖനങ്ങളും പുസ്തകങ്ങളും നെറ്റിനകത്തും പുറത്തുമായി അംഗീക്രത വിദഗ്ധര്‍ എഴുതിക്കൂട്ടിയിട്ടുള്ളത് സുലഭമായതിനാല്‍ അത്തരം സാങ്കേതിക വിശദാംശങ്ങളിലേക്കൊന്നും കടക്കുവാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. ലേഖകന്‍റ്റെ വ്യത്യസ്ഥമായ അനുഭവം സമൂഹ നന്‍മയെ കരുതി രേഖപ്പെടുത്തുക മാത്രമാണു ലക്ഷ് യം.



172 സെ. മീ. ഉയരവും 64 കിലൊ ഗ്രാം തൂക്കവും 2006 ആഗസ്റ്റില്‍ 57 വയസ്സ് പ്രായവുമുള്ള ഒരു സാധാരണക്കാരനാണു പരീക്ഷണവസ്തു (ലേഖകന്‍). ചില അസുഖങ്ങളുമായി ബന്ധപ്പെട്ട് ഇടയ്ക്കൊക്കെ രക്തം പരിശോധിക്കാറുണ്‍ട്. 2006 ഫെബ്രുവരി 25ന് രക്തം പരിശോധിച്ചപ്പോള്‍ വെറുംവയറ്റില്‍ 105 ഉം ഭക്ഷണാനന്തരം (ഭക്ഷണം കഴിച്ച് ഒന്നര മണിക്കൂര്‍ കഴിഞ്ഞ്) 150 ഉം (മില്ലിഗ്രാം %) ആയിരുന്നു പഞ്ചസാരയുടെ (Blood sugar) അളവ്. 2006 ജൂലയ് 7നു രക്തം പരിശോധിച്ചപ്പോള്‍ ഇവ യധാക്രമം 118ഉം 197ഉമ് ആയി ഉയര്‍ന്നിരുന്നു. മരുന്ന് കഴിക്കണം എന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു. ഒരു ഗുളിക എഴുതുകയും ചെയ്തു. "ഇത് ഏറ്റവും ശക്തി കുറഞ്ഞ ഗുളികയാണ്. ആദ്യം ദിവസം ഒന്നുവീതം കഴിക്കുക. കുറച്ചു ദിവസം കഴിഞ്ഞ് കുറയുന്നില്ലെങ്കില്‍ ഗുളിക രണ്‍ട് വീതംകഴിക്കുക. എന്നിട്ടും കുറയുന്നില്ലെങ്കില്‍ മൂന്നുവീതവും, പിന്നെയും കുറയുന്നില്ലെങ്കില്‍ നാലുവീതവും കഴിക്കണം. ദിവസേന നാലു ഗുളിക വീതം കഴിച്ചിട്ടും ഷുഗര്‍ കുറയുന്നില്ലെങ്കില്‍ നമുക്ക് കുറച്ചുകൂടി ശക്തി കൂടിയ ഗുളികയിലേക്കു മാറാം." ഇത്രയും കാര്യങ്ങളാണ് ഡോക്ടര്‍ പറഞ്ഞത്.

ഗുളിക കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ഭക്ഷണത്തില്‍ കുറച്ചു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഒന്നു ശ്രമിച്ചു നോക്കണമെന്നുണ്‍ട് എന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ അതിനു സമ്മതിച്ചു. കുറച്ചു ദിവസം ഭക്ഷണം നിയന്ത്രിച്ചിട്ടും ഷുഗര്‍ കുറയുന്നില്ലെങ്കില്‍ ഗുളിക കഴിച്ചു തുടങ്ങണം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വീട്ടിലെത്തി ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അത് ഇപ്രകാരമായിരുന്നു:-

(I) പഞ്ചസാര ചേര്‍ത്തുണ്‍ടാക്കിയ ഭക്ഷണസാധനങ്ങള്‍ (കാപ്പി, ചായ, ശീതള പാനീയങ്ങള്‍, പലഹാരങ്ങള്‍) എല്ലാം പരിപൂര്‍ണ്ണമായി ഉപേക്ഷിച്ചു.
(II) പഴങ്ങള്‍ (ചക്ക, മാങ്ങ, വാഴപ്പഴം ഉള്‍പ്പെടെ) എല്ലാം നിര്‍ത്തി.
(III) രാവിലത്തേയും രാത്രിയിലേയും ഭക്ഷണം സൂചിഗോതമ്പു കഞ്ഞിയാക്കി.
(IV) ദിവസേന ഒരു മണിക്കൂര്‍ നടപ്പു തുടങ്ങി.

മൂന്നഴ്ച ഭക്ഷണക്രമം തുടര്‍ന്ന ശേഷം 2006 ആഗസ്റ്റ് 1നു രക്തം പരിശോധിച്ചു.ഫലം വളരെ ആശാവഹമായിരുന്നു; പ്രതീക്ഷിച്ചതിലും നല്ലതായിരുന്നു. 120 - 155. ഭക്ഷണാനന്തര അളവ് 197 ല്‍നിന്നു 155 ലേക്കു താഴ്ന്നു - 42 മില്ലിഗ്രാം ശതമാനത്തിന്‍ടെ കുറവ്! ഈ റിസല്‍ട്ടുമായി ഡോക്ടറെ കണ്‍ടു. വെറുംവയറ്റിലെ അളവ് 10 എങ്കിലും കുറഞ്ഞ് 110 ല്‍ എത്തേണ്‍ടതുണ്‍ടെങ്കിലും ഉടനെ ഗുളിക കഴിച്ചു തുടങ്ങേണ്‍ടതില്ല, ഭക്ഷണ നിയന്ത്രണവും നടപ്പും തുടര്‍ന്നാല്‍ മതി എന്നു ഡോക്ടര്‍ പറഞ്ഞു.

ഭക്ഷണ നിയന്ത്രണവും നടപ്പും തുടര്‍ന്നു. ഒരു മാസം കൂടി കഴിഞ്ഞപ്പോള്‍ 2006 സെപ്റ്റംമ്പര്‍ 1 നു രക്തം പരിശോധിച്ചു. ഫലം കൂടുതാല്‍ പ്രോത്സാഹജനകമായിരുന്നു. 100 - 130 വെറുംവയറ്റിലെ അളവ് 110 എങ്കിലും ആകണം എന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്. അത് 100 ലേക്ക് താഴ്ന്നു. [ഇത് 80 വരെ താഴ്ന്നാലും കുഴപ്പമില്ല; 80 -120 ആണല്ലൊ ആരോഗ്യവാന്‍മാരുടെ അളവുകള്‍!] ഡോക്ടറെ കണ്‍ടപ്പോള്‍ ഈ നില തുടരട്ടെ എന്നാണ് പറഞ്ഞത്.

ആ കഴിഞ്ഞ ഒരു മാസത്തിനിടെ 2-3 തവണ മറ്റു വീടുകളില്‍ പോയപ്പോള്‍ മധുരം ചേര്‍ത്ത ചായയും ശീതള പാനീയവും ആപ്പിള്‍, ഓറഞ്ച്, സപ്പോട്ട മുതലായ പഴങ്ങളും കഴിച്ചു. സദ്യകളില്‍ പങ്കെടുത്തപ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും ഐസ്ക്രീം തിന്നുകയും ചെയ്തു. ഇടക്കൊക്കെ വറുത്ത കപ്പലണ്‍ടി, മാരി ബിസ്ക്കറ്റ്, കൊക്കുവട (പക്കവട), മുതലായവയും കഴിച്ചു. എന്നിട്ടും രക്തിലെ പഞ്ചസാരയുടെ അളവ് 120 - 155 ല്‍ നിന്നും 100 - 130 ലേക്കു കുറഞ്ഞു. ശരീരത്തിന്‍ടെ തൂക്കം 64 കിലൊഗ്രാമില്‍ തുടരുന്നുണ്ട്.

ഈ സമയത്തിനിടെ വളരെ പ്രധാനപ്പെട്ട ഒരു പാര്‍ശ്വഫലം കൂടി ശ്രദ്ധയില്‍ പെട്ടു, വളരെ കാലമായി അനുഭവപ്പെട്ടിരുന്ന മലബന്ധം പരിപൂര്‍ണ്ണമായും മാറി. രാവിലെ കാപ്പിയോ ചായയോ കുടിക്കാതെ തന്നെ സുഖശോധന കിട്ടുന്നു. ഇതും വളരെ പേര്‍ക്ക് ഉപയോഗപ്പെടുന്ന ഒരു സംഗതിയാണെന്നു പ്രതീക്ഷിക്കുന്നു. ഗോതമ്പ് ഉമി കളയാതെ വേവിച്ച് കഴിക്കുന്നതുകൊണ്‍ടാണിത് സംഭവിക്കുന്നത്. ഒരു വെടിക്കു രണ്‍ടു പക്ഷി.

അസുഖം കുറഞ്ഞ സന്തോഷത്തില്‍ ഇടക്കൊക്കെ പഴങ്ങളും ഉഴുന്നുവട, പരിപ്പുവട മുതലായവയും കഴിച്ചു തുടങ്ങി. ഓണം പ്രമാണിച്ചും കുറേ മധുരം കഴിച്ചു. 12-09-2006 ല്‍ രക്തം പരിശോധിച്ചപ്പോള്‍ 100-155 ആയിരിക്കുന്നു. അപ്പോള്‍ ആണ് ആപ്പിളും ഓറഞ്ചും ഡയബറ്റിക് രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങളാണെന്ന് ഒരു ലേഖനത്തില്‍ ഞങ്ങള്‍ വായിച്ചത്. അതിനെ തുടര്‍ന്ന് കടയില്‍ പോകുമ്പോഴെല്ലാം അവ വാങ്ങിക്കൊണ്‍ടുവരുവാന്‍ തുടങ്ങി. ദിവസേന ഓറഞ്ചോ ആപ്പിളോ കഴിക്കുവാന്‍ ആരംഭിച്ചു; ചെറുതാണെങ്കില്‍ ഒന്നു വീതവും വലുതാണെങ്കില്‍ പകുതി വീതവും. 4-10-2006 ല്‍ പ്രതിമാസ രക്തപരിശോധനയില്‍ ബ്ളഡ്ഷുഗര്‍ വീണ്‍ടും കൂടിയിരിക്കുന്നതായി കണ്‍ടു: 102-160. എങ്കിലും ശരീരത്തിനത്യാവശ്യമായ പല സൂക്ഷ്മ ഘടകങ്ങളും പഴങ്ങളില്‍നിന്നാണു ലഭിക്കുന്നതെന്നതിനാല്‍ ആപ്പിളും ഓറഞ്ചും കഴിക്കുന്നത് നിര്‍ത്തിയില്ല. 7-11-2006 ല്‍ അടുത്ത പരിശോധന നടത്തിയപ്പോള്‍ ഷുഗര്‍ വീണ്‍ടും വര്‍ദ്ധിച്ചിരിക്കുന്നു: 121-166 !? ഇതിനെ തുടര്‍ന്നു പഴങ്ങള്‍ കഴിക്കുന്നത് നിര്‍ത്തി. ഒരു മാസം കൂടെ കഴിഞ്ഞ് 7-12-2006ല്‍ ബ്ളഡ്ഷുഗര്‍ 91-115 ലേക്കു കുറഞ്ഞിരിക്കുന്നു.

ഷുഗര്‍ നല്ലതുപോലെ കുറഞ്ഞെങ്കിലും ഭക്ഷണക്രമം മാറ്റിയില്ല. ചില ദിവസങ്ങലില്‍ മധുരമുള്ള ചായ/കാപ്പി കുടിച്ചു. ഡിസംബര്‍ 24നു മൂന്നു തരം പായസവും പഴവും ചേര്‍ത്തുള്ള പച്ചക്കറി സദ്യയുണ്‍ടു. മുപ്പതാം തീയ്യതി വെള്ളേപ്പവും ഫ്രൂ ട്സലാഡും ഉള്‍പ്പെടെഉള്ള നോണ്‍വെജ് സദ്യയും ഉണ്‍ടു. ക്രിസ്തുമസ്സിനും പുതുവത്സരത്തിനും കേക്കു കഴിച്ചു. എന്നിട്ടും 2-1-2007 ല്‍ നോക്കിയപ്പോള്‍ ഷുഗര്‍ 80-98 ലേക്കു താഴ്ന്നിരിക്കുന്നു. FBS 80 എന്നത് പൂര്‍ണ്ണ ആരോഗ്യവാന്‍ടെ നിലയാണ്. നല്ലത്. ഇതു നന്നായിരിക്കുന്നു. പക്ഷേ PPBS സാധാരണാ ആരോഗ്യവാന്‍മാരില്‍ പോലും 120 ല്‍ താഴാറില്ല. ഡയബറ്റീസിനു ഗുളിക കഴിക്കുന്നവരിലും ഇന്‍സുലിന്‍ കുത്തിവയ്പ്പെടുക്കുന്നവരിലും മാത്രമേ 120ല്‍ താഴെ പോകാറുള്ളൂ എന്നാണു മനസ്സിലാക്കിയിരിക്കുന്നത്. എന്തായാലും മധുരം ഒഴിവാക്കുന്നതും ഗോതമ്പു കഞ്ഞി കുടിക്കുന്നതും ഒരു മാസത്തേക്കുകൂടി തുടരുവാന്‍ തീരുമാനിച്ചു. എങ്കിലും ആദ്യ ആഴ്ചയില്‍ വിരുന്നുകാര്‍ വന്നതു മൂലം ചോക്ലറ്റുകള്‍ കേക്ക് പുഡ്ഡിംഗ് (പൈനാപ്പിള്‍ ഡ്രീം) എന്നിവ കഴിക്കേണ്‍ടിവന്നു. പഴങ്ങളും കഴിച്ചു.

താമസംവിനാ (വാങ്ങിയ ഗോതമ്പ് തീര്‍ന്നതോടെ) ഗോതമ്പ് ഉപയോഗിക്കല്‍ നിര്‍ത്തി; നടപ്പും മധുരം ഒഴിവാക്കലും രക്തപരിശോധനയും തുടര്‍ന്നു. 20-1-2009ലെ പതിവു ത്രൈമാസ കണ്‍സള്‍ട്ടേഷനില്‍ കാര്‍ഡിയോളജിസ്റ്റിനോട് "ബ്ളഡ് ഷുഗര്‍ പരിശോധന ഒരേ ദിവസം തന്നെ വിവിധ ലാബുകളില്‍ ചെയ്യുമ്പോള്‍ വ്യത്യസ്ത റിസല്‍റ്റ് കിട്ടുന്നതെന്തുകൊണ്‍ടാണ്? ക്രത്യമായ സ്ഥിതി അറിയാന്‍ എന്താ വഴി?" എന്നു ചോദിച്ചു. മറുപടി ഇപ്രകാരമായിരുന്നു "ബ്ളഡ്ഷുഗര്‍ പരിശോധിയ്ക്കാന്‍ വ്യത്യസ്ത രീതികള്‍ ലഭ്യമാണ്. ഓരോ ലാബും പിന്‍തുടരുന്ന രീതിയ്ക്കും ഉപയോഗിയ്ക്കുന്ന രാസവസ്തുക്കള്‍ക്കും അനുസരിച്ച് റിസല്‍ട്ടില്‍ ചെറിയ വ്യത്യാസം ഉണ്‍ടാകാം; രോഗാവസ്തയ്ക്ക് യോജിയ്ക്കാത്ത (തെറ്റായ) റിസല്‍ട് വരില്ല. ഇപ്പോള്‍ മറ്റൊരു ടെസ്റ്റ് ഉണ്‍ട്. HbA1C എന്നാണ് അത് അറിയപ്പെടുന്നത് - ഗ്ളൈകോസിലേറ്റഡ് ഹിമോഗ്ളോബിന്‍ ടെസ്റ്റ്. അത് ചെയ്താല്‍ ബ്ളഡ് ഷുഗറിന്‍ടെ മൂന്നു മാസത്തെ ശരാശരി അളവ് അറിയാം. അത് ഏഴ് ശതമാനത്തല്‍ (7%) താഴെയായാല്‍ മതി. ഈ ടെസ്റ്റ് എവിടെ ചെയ്താലും ഒരേ റിസല്‍ട് ആയിരിയ്ക്കും കിട്ടുക."

അപ്പോള്‍ തന്നെ ഡോക്ടറെക്കൊണ്‍ട് ആ ടെസ്റ്റിനെഴുതിച്ച് ടെസ്റ്റ് ചെയ്തു: FBS: 108, PPBS: 161, HbA1C: 6.3%. അടുത്ത ത്രൈമാസ പരിശോധനയില്‍ HbA1C: 6.1%. പിന്നത്തെ (25-07-2009ലെ) പരിശോധനയില്‍ HbA1C: 5.9%.

ഇതിനിടെ 8-7-2009 നു കുടുംബ യൂണിറ്റിലെ വീടു വെഞ്ചരിപ്പിന് പള്ളിയിലെ അച്ചനോടൊപ്പം 6pm നും 1030pm നും ഇടക്ക് പത്തു വീടുകള്‍ സന്ദര്‍ശിച്ചു. എല്ലായിടത്തു നിന്നും എന്തെങ്കിലുമൊക്കെ കഴിക്കേണ്‍ടിവന്നു; പഴം, കാപ്പി, ചായ, ശീതളപാനീയം, കേക്ക്, ചിപ്സ്, എന്നിത്യാദി. അടുത്ത ദിവസം (09-07-2009) ഒരു കല്യാണ സദ്യ (Dr. Pavithran's daughter's) ഉണ്‍ടായിരുന്നതുകൊണ്‍ട് അത് കഴിഞ്ഞ് ബ്ളഡ്ഷുഗര്‍ പരിശോധിയ്ക്കുവാന്‍ തീരുമാനിയ്ക്കുകയും പ്രമേഹം എത്ര കുറഞ്ഞിട്ടുണ്‍ടെന്നറിയുവാനായി രാവിലെ പുട്ടും കടലയും ചായയും കഴിയ്ക്കുകയും ഉച്ചയ്ക്ക് സദ്യയില്‍ വിളമ്പിയ എല്ലാ സാധനങ്ങളും കഴിയ്ക്കുകയും ചെയ്തു [(ഏത്തയ്ക്ക ഉപ്പേരി, ശര്‍ക്കര വരട്ടി, മധുരമുള്ളതുള്‍പ്പെടെ 10-15 തരം കറികള്‍, ചോറ്+പരിപ്പ്+പപ്പടം+നെയ്യ്, ചോറ്+സാമ്പാര്‍, പാലടപ്പായസം+രസകദളിപ്പഴം, ഏത്തപ്പഴപ്പായസം, ബോളി+സേമിയപ്പായസം, ചോറ്+പുളിശ്ശേരി+മോര്+രസം. 1215നു ഊണു തുടങ്ങി; 1230നു എണീറ്റു. 2pm ന് രക്തം എടുത്തു. പരിശോധനാഫലം രണ്‍ട് മണിക്കുര്‍ കഴിഞ്ഞ് കിട്ടി. 100 മി. ഗ്രാ. % (This is PPBS or at least RANDOM reading). 25-07-2009 നു നടത്തിയ ത്രൈമാസ പരിശോധനയില്‍ FBS: 108, PPBS: 74, HbA1C: 5.9%.

എന്‍ടെ പ്രമേഹം സുഖപ്പെട്ടുവോ? എന്തു പറയുന്നു ??

ആറാം ഭാഗം:ചില ലാബ് റിസള്‍ട്ട്

രണ്‍ടാം ഭാഗം: ഈ പരീക്ഷണത്തിന്‍ടെ പശ്ചാത്തലം: അവിടെ തുടരും

മൂന്നാം ഭാഗം: സൂചിഗോതമ്പ് ഉപയോഗിച്ച രീതിയും ശ്രദ്ധിക്കേണ്‍ട കാര്യവും: അവിടെ തുടരും

നാലാം ഭാഗം: ഇനി നടത്താനുള്ള പഠനങ്ങള്‍: അവിടെ തുടരും