Sunday, March 22, 2009

ഇതാണോ ഇത്ര വലിയ ആനക്കാര്യം?

ഇന്നു രാവിലെ ഏഴുമണിക്കുള്ള സുപ്രഭാതം (ഏഷ്യനെറ്റ്) പരിപാടിയില്‍ അതിഥി ഡോ. വി. വിജയകുമര്‍ (സര്‍വ്വ ശിക്ഷാ അഭിയാന്‍ടെ പ്രോജക്റ്റ് ഡയറക്റ്റര്‍, കേരള സര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസ വിഭാഗത്തിന്‍ടെ മുന്‍ ഡയറക്ടര്‍) ആയിരുന്നു. സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഭാരം കൂടിയപ്പോള്‍ ഓരോ പുസ്തകവും വിഭജിച്ചു ഭാരം കുറച്ചുകൊടുത്ത കാര്യം പറയുകയുണ്‍ടായി. പ്രാധാന്യം എടുത്തു കാട്ടുവാന്‍ “ഇന്ത്യയില്‍ തന്നെ ആദ്യമായി കേരളമാണു ഭാരം കുറക്കുവാന്‍ വേണ്ടി പാഠപുസ്തകം വിഭജിച്ചു കൊടുത്തതു” എന്നു ഊന്നിപ്പറഞ്ഞു.
ഇതാണോ ഇത്ര വലിയ ആനക്കാര്യം എന്നു തോന്നി, കാരണം ഒന്നര ദശാബ്ദം മുമ്പേ ഈ എളിയവന്‍ ഇതു ചെയ്തിട്ടുണ്ടു. മൂത്ത മകള്‍ 1995 ല്‍ +2 പാസ്സായി. അവളും അനുജത്തിയും വി. എസ്. എസ്. സി. സെന്‍ട്രല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ രണ്ടാള്‍ക്കും ഇപ്രകാരം ചെയ്തുകൊടുത്തിട്ടുണ്‍ട്. അന്നു അദ്ധ്യാപകരില്‍നിന്നു വളരെ എതിര്‍പ്പുകള്‍ നേരിടേണ്‍ടി വന്നതു ഓര്‍ക്കുമ്പോള്‍ രസം തോന്നുന്നു. “ഒരേ ദിവസം പുസ്തകത്തിന്‍ടെ രണ്ട് ഭാഗത്തുനിന്നും ഉള്ള കാര്യങ്ങള്‍ പഠിപ്പിക്കേണ്ടി വന്നാല്‍ എന്തു ചെയ്യും” എന്നതാണു അന്നു ഉന്നയിച്ച പ്രധാന ചോദ്യം!! അത്തരം ദിവസങ്ങളില്‍ രണ്ടു ഭാഗങ്ങളും കൊണ്ടുവന്നോളാം എന്നു പറഞ്ഞു. അപ്പോള്‍ അതാ വരുന്നു അടുത്ത കൊനഷ്ട് ചോദ്യം - "അപ്പോള്‍ ഭാരക്കൂടുതല്‍ ഉണ്‍ടാവില്ലേ?"! വര്‍ഷം മുഴുവനും കൂടുതല്‍ ഭാരം ചുമക്കുന്നതിനേക്കാള്‍ ഭേദമല്ലേ ഒന്നോ രണ്ടോ ദിവസം മാത്രം ചുമക്കുന്നത് എന്നു പറഞ്ഞ് പ്രശ്നം പരിഹരിച്ചു. ഒന്നര ദശാബ്ദത്തിനു ശേഷം ഹ ഹ ഹ ഹ ഹ.

ഭരണപക്ഷത്തെ മണിയടിച്ചു നിന്നാല്‍ കുറഞ്ഞപക്ഷം ഒരു പദ്മ പുരസ്കാരമെങ്കിലും പ്രതീക്ഷിക്കാം - വിദ്യാഭ്യാസ രംഗത്തെ അമൂല്യ സംഭാവനയെ മാനിച്ച്!!!! നല്ല കാര്യം.

ഇപ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മവരുന്നു. കഴിഞ്ഞ ശനിയാഴ്ച് (21.03.2009) കൈരളി ടിവി യിലെ മൈന്‍ഡ് വാച്ച് എന്ന പരിപാടിയില്‍ ഡോ. ക്റ്ഷ്ണപ്രസാദ് ശ്രീധര്‍, ഡോ. ജോര്‍ജ്ജ് മാത്യു എന്നിവര്‍ (മനശ്ശാസ്ത്ര വിഭാഗം മുന്‍ പ്രൊഫസര്‍മാര്‍, കേരള സര്‍വകലാശാല, കാര്യവട്ടം, തിരുവനന്തപുരം) ആയിരുന്നു അതിഥികള്‍. പ്രൌഢഗംഭീരമായ ആ എപ്പിസോഡില്‍ മന:ശാസ്ത്രം, സമൂഹം, സംസ്കാരം, വികസനം എന്നിവയോടു ബന്ധപ്പെട്ട ഒരു ചോദ്യത്തിനു ഡോ. ക്റ്ഷ്ണപ്രസാദ് ശ്രീധര്‍ പറഞ്ഞു “ ചില വ്യക്തികള്‍ പറയുന്ന ചില കാര്യങ്ങള്‍ അന്നത്തെ സമൂഹത്തിനു വിലയിരുത്താനും ഗ്രഹിക്കാനും കഴിയാതെ വരുമ്പോള്‍ അവരെ സമൂഹം ഭ്രാന്തന്‍ എന്നു മുദ്ര കുത്തുന്നു. കാലങ്ങള്‍ക്കു ശേഷം സമൂഹം അറിവു നേടി വികസിക്കുമ്പോള്‍ ആ കാര്യത്തെയും അതു പറഞ്ഞ അവരെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു”. (അപ്പോഴേക്കും അവര്‍ ചുമരിലെ പടമായിട്ടുണ്ടാവും. ഒരു പക്ഷേ അതാവും സമൂഹത്തിനു ആവശ്യം - ഒരുത്തനും അങ്ങനെ മിടുക്കനാവണ്ട; സന്തോഷിക്കണ്ട! ഇവനെയൊക്കെ ശരിക്ക് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇനിയും ഇത്തരം മണ്‍ടത്തരങ്ങള്‍ ഒക്കെ വിളിച്ചുപറഞ്ഞുകൊണ്‍ടിരിക്കും. അതിന്‍ടെ ഒക്കെ പുറകെ നടക്കാന്‍ ആര്‍ക്കാ ഇവിടെ നേരം! സമയംകൊല്ലികള്! അല്ലാതെന്താ!! എന്നാവും അംഗീക്രുതന്‍മാരുടെ ചിന്ത.)