Monday, May 18, 2009

അവര്‍ക്ക് മനസ്സിലാവണുണ്ടോ വല്ലതും?

തിരഞ്ഞെടുപ്പുകളിലൂടെ ജനം പറയണത് വല്ലതും അവര്‍ക്ക് മനസ്സിലാവണുണ്ടോ ആവോ? ഇതുവരെ ചെയ്തതു പോലെ തന്നെയാണോ ഇത്തവണയും തിരഞ്ഞെടുപ്പു ഫലത്തെ വിശകലനം ചെയ്യാന്‍ പോകുന്നത്?

പറഞ്ഞതു ചെയ്യാതിരിക്കുകയും ചെയ്തത് പറയാതിരിക്കുകയും ചെയ്യുന്നവരെ ജനത്തിന് വേണ്ട. പിന്നെ അവരെയൊക്കെ ജയിപ്പിച്ചതെന്തിനാണെന്നോ? വേറെ നിവ്റ്ത്തിയില്ലാത്തതുകൊണ്ട്. ആരെങ്കിലുമൊരാള്‍ ജയിക്കുമല്ലോ! അപ്പൊപ്പിന്നെ "തമ്മില്‍ ഭേദം തൊമ്മന്‍". അല്ലാതെന്താ? ഒരു ചക്ക വീണപ്പൊ മുയല്‍ ചത്തു എന്നു കരുതി ഉള്ള ചക്കയെല്ലാം വെട്ടിയിട്ടതുകൊണ്ട് കാര്യമില്ല. കോഴി കൂവുന്നതുകൊണ്ടല്ലല്ലൊ സൂര്യനുദിക്കുന്നത്. പരാജിതരോടും വിജയികളോടുമായി മുമ്പ് കവി പാടി

"രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍

മാളികമുകളേറിയ മന്നന്‍ടെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍"

എന്ന്. ഇതിന്നര്‍ഥം നിരാശയും അഹങ്കാരവും വേണ്ടെന്നല്ലെ? അഹങ്കാരം തീരെ വേണ്ട; അത് ആര്‍ക്കും പഥ്യമല്ലല്ലോ!
ജനത്തിനു ചില ഗള്‍ഫ് രാജ്യങ്ങളേപ്പോലെയുള്ള മതഭരണം വേണ്ട. രാജഭരണവും വേണ്ട. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെപ്പോലെ പാര്‍ട്ടി ഭരണവും പാര്‍ട്ടി ഗ്രാമങ്ങളും കഴുതയെന്നു കരുതുന്ന ജനത്തിനു വേണ്ട. വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും ജനത്തിനു വേണ്ട. അടിമത്തം അടിച്ചേല്‍പ്പിക്കുന്നത് ബ്രിട്ടീഷുകാര്‍ (വിദേശികള്‍) ആയാലും രാഷ്ട്രീയ പാര്‍ട്ടികള്‍ (സ്വദേശീയര്‍) ആയാലും സ്വദേശീയ ഗവണ്‍മെന്ടായാലും അനുഭവിക്കുന്ന ജനത്തിനു അത് ഒരുപോലെയാണ്.( പൊന്നുചങ്ങലകൊണ്ടുള്ളതാണെങ്കിലും, ബന്ധനം ബന്ധനം തന്നെയല്ലെ!?) കര്‍ഷകര്‍ കന്നുകാലികളെ പരിപാലിച്ച് ഉപയോഗിക്കുന്നതു പോലെയോ 'ഫാം' ഉടമകള്‍ ബ്രോയിലര്‍ കോഴിയെ വളര്‍ത്തുന്നതു പോലെയോ ജനത്തെ കൈകാര്യം ചെയ്യാമെന്നു കരുതുന്നതു അബദ്ധ്മല്ലേ (കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും)? കാള വാലു പൊക്കുന്നതെന്തിനാണെന്ന് അറിയാമെന്നല്ലെ പഴഞ്ചൊല്ല്. ഭരണാധികാരികളും രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും 'മട്ടന'ടിക്കുമ്പോള്‍ ജനം കഞ്ഞിവെള്ളമെങ്കിലും കുടിക്കുന്നുണ്ട്. "കുറേപ്പേരെ കുറച്ചു കാലത്തേക്കും കുറച്ച് പേരെ കുറേ കാലത്തേക്കും പറ്റിക്കാം; എന്നാല്‍ എല്ലാവരേയും എല്ലാക്കാലത്തേക്കും പറ്റിക്കാനാവില്ല" എന്നും പഴമൊഴിയുണ്ട്. (പാവം സാര്‍ ചക്രവര്‍ത്തിമാര്‍). ദശാബ്ദങ്ങളോളം എതിര്‍വാ ഇല്ലാതെ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സ് ജനത്തിനു മുമ്പില്‍ മുട്ടു മടക്കി കണക്കു പറഞ്ഞില്ലേ?

തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ നിയന്ത്രിക്കുന്നത് പല ഘടകങ്ങളാണു. മുന്‍ രാജ്യ രക്ഷാ മന്ത്രി വി. കെ. ക്രിഷ്ണമേനോനും മുന്‍ റെയില്‍വേ സഹമന്ത്രി ഒ. രാജഗോപാലും തോറ്റ തിരുവനന്തപുരത്ത് 2009ല്‍ ശശി തരൂര്‍ ജയിച്ചിരിക്കുന്നു. 2009 ല്‍ കേരളത്തില്‍ പല പാര്‍ട്ടികള്‍ക്കും മത്സരിക്കാന്‍ പോലും അവസരം നഷ്ടപ്പെട്ടപ്പോള്‍ ഇടുക്കി സീറ്റിനു യാതൊരു ഭീഷ്ണിയും ഉണ്ടായില്ല; സ്ഥാനാര്‍ഥിയെക്കുറിച്ചു തര്‍ക്കവും ഉണ്ടായില്ല. എക്സിറ്റ് പോളുകള്‍ പോലും രാജു (ഫ്രാന്‍സിസ് ജോര്‍ജ്ജ്) വിജയിക്കുമെന്നു പേരെടുത്തു പറഞ്ഞ് പ്രഖ്യാപിച്ചതാണ്. എന്നിട്ടും അദ്ദേഹം തോറ്റു; തിരഞ്ഞെടുപ്പു വിജയത്തിനു നല്ല പ്രവര്‍ത്തനമോ നല്ല പ്രവര്‍ത്തനചരിത്രം പോലുമോ പോര എന്നു തെളിയിച്ചുകൊണ്ട്. "ചന്ദനം ചാരിയാല്‍ ചന്ദനം നാറും, ചാണകം ചാരിയാല്‍ ചാണകം നാറും" എന്നും പഴമൊഴി.

പിന്നെ, സി.പി.എം. ലെ ശ്രീ ആനത്തലവട്ടം ആനന്ദന്‍ പ്രസ്ഥാവിച്ചു അദ്ദേഹത്തിന്‍ടെ പാര്‍ടിക്കു (കേരളത്തില്‍) 2004ല്‍ കിട്ടിയ വോട്ടില്‍ നിന്നു വെറും ഒന്നിച്ചില്വാനം ലക്ഷം (2% ത്തില്‍ താഴെ) വോട്ടേ 2009ല്‍ കുറഞ്ഞിട്ടുള്ളൂ എന്ന്. നല്ലത്. ജനകീയ അടിത്തറക്കു യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന്. വളരെ നല്ലത്. പക്ഷേ, തീരെ നല്ലതല്ലാത്ത മറ്റു ചിലത്കൂടി 2009 ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ചു. അദ്ദേഹത്തിന്റെ പാര്‍ടിയുടെ എം. പി. മാരുടെ എണ്ണം 14ല്‍ നിന്നു 4 ലേക്കു താണു. ഏകദേശം 70 ശതമാനത്തോളം കുറഞ്ഞു. ദേശീയ തലത്തില്‍ 43 ല്‍ നിന്നു 16 ലേക്കും (63%) താണു. കേരളത്തില്‍ എല്‍. ഡി. എഫ്. എംപിമാര്‍ 20 ല്‍ 18 (2004) എന്നത് 20 ല്‍ 4 (2009) എന്നായി. 80 ശതമാനം കുറഞ്ഞു. ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നല്ലെ പറയാറ്. ഇതാണു ജനത്തിന്റെ ദിവസം.

പക്ഷേ കിട്ടിയ വോട്ടില്‍ വെറും 2 ശതമാനത്തില്‍ താഴെ മാത്രം കുറ്വുണ്ടായപ്പോള്‍ എംപിമാര്‍ 70 ശതമാനത്തോളം കുറയുന്നത് ആരോഗ്യകരമായ ജനാധിപത്യമാണോ? ഇത് ന്യായമാണോ? ഇത് ഇങ്ങിനെയാണോ വേണ്ടത്?